ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ കൊച്ചി സംസ്ഥാനത്ത് 1930-ല്‍ രൂപംകൊണ്ട പഞ്ചായത്തുകളിലൊന്നായ കോലഴി പഞ്ചായത്തിന്റെ ആദ്യകാല ആസ്ഥാനം മുളകുന്നത്തുകാവിലായിരുന്നു. അക്കാലത്ത് കിള്ളന്നൂര്‍ വില്ലേജ് ഈ പഞ്ചായത്തിലാണ് ഉള്‍പ്പെട്ടിരുന്നത്. പഞ്ചായത്തിന്റെ ആസ്ഥാനം പിന്നീട് അന്നത്തെ പഞ്ചായത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന തിരൂരിലേക്ക് മാറ്റുകയാണുണ്ടായത്. 1951-ല്‍ തിരുകൊച്ചി സംസ്ഥാനം രൂപീകൃതമായപ്പോള്‍ പഞ്ചായത്തുകള്‍ പുനര്‍വിഭജനം ചെയ്തതിനെതുടര്‍ന്ന് കിള്ളന്നൂര്‍ വില്ലേജ് ഈ പഞ്ചായത്തില്‍ നിന്ന് വേര്‍പെടുത്തി അവണൂര്‍ പഞ്ചായത്തിനോട് കൂട്ടിചേര്‍ത്തു. അപ്രകാരമാണ് ഇന്നത്തെ രൂപത്തിലുള്ള കോലഴിപഞ്ചായത്ത് രൂപീകൃതമാവുന്നത്. 1930-ല്‍ രൂപം കൊള്ളുമ്പോള്‍ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡണ്ട് “രാശുപട്ടര്‍” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നടുവില്‍ മഠം രാമസ്വാമി അയ്യര്‍ ആയിരുന്നു. 1956-ല്‍ മലബാര്‍ പ്രദേശം കൂട്ടിചേര്‍ത്ത് കേരളസംസ്ഥാനം രൂപീകരിച്ചപ്പോള്‍ അതിര്‍ത്തിവിഭജനപ്രശ്നം ഉയര്‍ന്നുവന്നു. അക്കാലത്തെ പഞ്ചായത്തു പ്രസിഡണ്ടായിരുന്ന സി.പി.താണുമാസ്റ്റര്‍, നീലകണ്ഠന്‍ ഇളയത്, എം.എ.രാമന്‍കുട്ടി, പാട്ടത്തില്‍ കൃഷ്ണമേനോന്‍, ഗോവിന്ദന്‍ എഴുത്തച്ഛന്‍ എന്നിവര്‍ കോലഴി വില്ലേജുകോടതിയില്‍ ജഡ്ജിമാരായിരുന്നു. കോലഴി വില്ലേജുകോടതിയുടെ പരിധിയില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നതിനാല്‍ പഞ്ചായത്തിനും കോലഴി എന്ന് നാമകരണം ചെയ്യുകയുണ്ടായി. അക്കാലത്ത് 6 വാര്‍ഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രധാനറോഡുകളായ തിരൂര്‍ ഗ്രേയ്സിംഗ് ഗ്രൌണ്ട് റോഡ്, കോലഴി ഗ്രേയ്സിംഗ് ഗ്രൌണ്ട്റോഡ്, പോലീസ് റോഡ് എന്നീ റോഡുകളും പോട്ടോര്‍ ചേന്ദംകുളം, താമരക്കുളം എന്നീ കുളങ്ങളും പണികഴിപ്പിക്കുന്നതിന് കോലഴി പഞ്ചായത്തുമെമ്പറായിരുന്ന കോലഴി മഠം നാരായണസ്വാമി വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. കോലഴി പഞ്ചായത്തിന്റെ മറ്റൊരു മെമ്പറും വൈസ് പ്രസിഡണ്ടുമായിരുന്ന എം.എന്‍.വാസുദേവന്‍ മുന്‍കൈയെടുത്ത് പഞ്ചായത്തിന് സ്വന്തമായി കെട്ടിടം പണിയുന്നതിനുവേണ്ടി 625 രൂപയ്ക്ക് 24 സെന്റ് സ്ഥലം വാങ്ങി പഞ്ചായത്തിന് വിട്ടുകൊടുക്കുകയുണ്ടായി.അക്കാലത്ത് ചില സാങ്കേതികപ്രശ്നങ്ങളാല്‍ പഞ്ചായത്തുമെമ്പര്‍മാര്‍ സിറ്റിംഗ് ഫീസ് ഇല്ലാതെയാണ് സേവനം നടത്തികൊണ്ടിരുന്നത്.1960-ല്‍ ഒല്ലൂക്കര ബ്ളോക്കിനു കീഴില്‍ ഒരു ബ്ളോക്ക് മൃഗസംരക്ഷണ ഡിസ്പന്‍സറി പഞ്ചായത്തില്‍ സ്ഥാപിതമായി. 1976-ല്‍ കോലഴി പഞ്ചായത്തിന്റെ ആസ്ഥാനകെട്ടിടം തിരൂരില്‍ പണിയുന്നതിന് തീരുമാനിച്ചു. കോലഴി ഗ്രാമപഞ്ചായത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ 55%-വും നെല്‍പ്പാടങ്ങളോ പാടശേഖരങ്ങളോ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ്. ഉയര്‍ന്ന ഭൂവിഭാഗവും താഴ്ന്ന പ്രദേശങ്ങളും അവയ്ക്കിടയില്‍ കിടക്കുന്ന സമതല പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് കോലഴി ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രകൃതി. പോട്ടോരിന്റെ പടിഞ്ഞാറുഭാഗത്തുള്ള കുട്ടാടന്‍പാടം, പഴഞ്ചിറപാടശേഖരം, പള്ളിത്താഴം, എന്നിവ മറ്റു പ്രദേശങ്ങളില്‍ നിന്നും താഴ്ന്നുകിടക്കുന്ന നെല്‍കൃഷി സ്ഥലങ്ങള്‍ ആണ്. പ്രാഥമികവിദ്യാഭ്യാസത്തിനു തുടക്കം കുറിക്കും വിധം മിഷനറിമാര്‍ കോലഴിയില്‍ 1888-ല്‍ സനാനാമിഷന്‍ ലോവര്‍ പ്രൈമറി സ്ക്കൂള്‍ ആരംഭിച്ചു. പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് ഇതൊരു വഴിത്തിരവായി. തൊട്ടടുത്തവര്‍ഷം 1889-ല്‍ കുറ്റൂരില്‍ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്ക്കൂള്‍ സ്ഥാപിക്കപ്പെട്ടു. പഞ്ചായത്തിന്റെ ഇരുകരകളിലുമായി ആരംഭിച്ച സ്ക്കൂളുകള്‍ തദ്ദേശവാസികള്‍ക്ക് അറിവിന്റെ ഒരു പുതുലോകം തുറന്നുകൊടുത്തു. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന സമുദായിക സൌഹാര്‍ദം കോലഴി ഗ്രാമപഞ്ചായത്തിന്റെ മുഖമുദ്രയാണ്. തിരൂര്‍പള്ളിപ്പെരുന്നാളിലും കൊട്ടേക്കാട് പള്ളിപെരുന്നാളിലും അതുപോലെതന്നെ വടകുറുമ്പ ക്ഷേത്രത്തിലെ പൂരമഹോത്സവങ്ങളിലും കുറ്റൂര്‍ നെതലക്കാവ് കാവടിയാഘോഷങ്ങളിലും ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കുന്നു. നാടന്‍ കലാരൂപങ്ങളായ മൂക്കാന്‍ ചാത്താന്‍, കുമ്മാട്ടിക്കളി, കാളകളി, തിരുവാതിരകളി, കിണ്ണംകളി, കൈകൊട്ടിക്കളി, നാടന്‍പാട്ട്, ഉടുക്കുപാട്ട്, അയ്യപ്പന്‍ പാട്ട് തുടങ്ങിയവയൊക്കെ ഈ ഗ്രാമത്തില്‍ ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നു.